മലമുകളിലെ മണിപ്രദീപം ഷെവ.പ്രൊ.വി.ജെ. ജോസഫ് കണ്ടോത്ത്
നിത്യവിഹായസ്സിലേക്ക് പറന്നുയര്‍ന്നിട്ട് 2024 ജൂലൈ 24 ന് അന്പത്തിയഞ്ചു വർഷങ്ങൾ പിന്നിടുമ്പോൾ
സഭയേയും സമുദായത്തേയും സമൂഹത്തേയും ഒന്നുപോലെ സ്‌നേഹിച്ച് സമര്‍പ്പണജീവിതത്തിന്റെ പ്രയോക്താവായി മാറിയ ഷെവലിയര്‍ പ്രൊ.വി.ജെ. ജോസഫ് കണ്ടോത്തിന്റെ സ്ഥാനം യശ്ശ. ശരീരരായ ക്‌നാനായ സമുദായ പ്രമുഖരിലെ മുൻനിരയിൽ ഇന്നും തുടരുന്നു. ആഴത്തിലൂന്നിയ ദൈവവിശ്വാസവും കഠിനാദ്ധ്വാനവും പ്രത്യാശാ ജീവിതവും ഒരുപോലെ ഒത്തുചേര്‍ന്ന ഈ മഹാപ്രതിഭയുടെ ശോഭയേറിയ ജീവിതത്തിലേക്ക് തിരിഞ്ഞ് നോക്കുന്നതുവഴി പൂര്‍വികര്‍ക്ക് നല്‍കുന്ന ബഹുമാനാദരവുകള്‍ക്ക് വഴിതുറക്കുക കൂടിയാണ് ചെയ്യുന്നത്.
ധര്‍മ്മയോഗിയും കര്‍മ്മയോഗിയും എന്ന് വിശേഷിപ്പിക്കാവുന്ന പ്രൊ. വി.ജെ. ജോസഫ് കണ്ടോത്ത് ക്‌നാനായ സമുദായത്തിന് എക്കാലവും അഭിമാനകരമാണ്. പ്രൊഫസര്‍, ഗ്രന്ഥകാരന്‍, പഞ്ചായത്ത് പ്രസിഡന്റ്, എം.എല്‍.എ., സമുദായ നേതാവ്, സഭാ സേവകന്‍ തുടങ്ങിയ നിരവധി വിശേഷണങ്ങള്‍ക്ക് സര്‍വധാ യോഗ്യനായ ഒരുനേതാവായിരുന്നു ഷെവലിയര്‍ വി.ജെ. ജോസഫ്. മൂവാറ്റുപുഴയ്ക്കു സമീപം വാരപ്പെട്ടി ഇടവകാംഗമായ കണ്ടോത്ത് ഔസേപ്പിന്റെയും മറിയത്തിന്റെയും മകനായി 1890 മാര്‍ച്ച് 8-ാം തീയതി ജോസഫ് ജനിച്ചു. അമ്മയുടെ മരണശേഷം മാതൃസഹോദരനായ ഫാ. ജേക്കബ് മലയില്‍ ബാലനായ ജോസഫിനെ കൈപ്പുഴയിലെ ഭവനത്തിലേക്ക് കൊണ്ടുപോന്നു. കൈപ്പുഴ സ്‌കൂളിലും മാന്നാനം സെന്റ് എഫ്രസ് ഹൈസ്‌കൂളിലുമായി പഠിച്ച് മെട്രിക്കുലേഷന്‍ പരീക്ഷ റാങ്കോടെ പാസ്സായി. തുടര്‍ന്ന് തൃശ്‌നാപ്പള്ളി സെന്റ് ജോസഫസ് കോളജില്‍ ചേര്‍ന്ന് ഫിസിക്‌സ് പ്രധാന വിഷയമായി എടുത്ത് എം.എ. ഓണേഴ്‌സ് ബിരുദം പ്രശസ്തനിലയില്‍ പാസ്സായി.
തുടര്‍ന്ന് മംഗലാപുരം സെന്റ് അലോഷ്യസ് കോളജില്‍ അദ്ധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു.അധ്യാപകനായിരിക്കെ “എക്‌സ്പിരിമെന്റല്‍ ഫിസിക്‌സ് ഫോര്‍ എസ്.എല്‍.സി. എന്ന ഗ്രന്ഥവും അഢ്വാൻസ് എക്‌സ്പിരിമെന്റല്‍ ഫിസിക്സ്” എന്ന ഗ്രന്ഥവും കോളജ് വിദ്യാര്‍ത്ഥികള്‍ക്കായി തയ്യാറാക്കുകയും ചെയ്തു. ഈ രണ്ട് ഗ്രന്ഥങ്ങളും പിന്നീട് പാഠപുസ്തകങ്ങളായി യൂണിവേഴ്‌സിറ്റി അംഗീകരിക്കുകയും ചെയ്തു. കിടങ്ങൂര്‍ പല്ലാട്ടുമഠത്തില്‍ അന്നമ്മയെ ജോസഫ് വിവാഹം ചെയ്തു. ഇവര്‍ക്ക് നാല് പുത്രന്മാരും നാല് പുത്രിമാരും ജനിച്ചു. ഇതില്‍ മൂന്നാമത്തെ പുത്രനാണ് ഷെവലിയാർ കെ.ജെ. ജേക്കബ് കണ്ടോത്ത്. പിതാവിനും മകനും ഷെവലിയര്‍ സ്ഥാനം വഹിക്കുവാന്‍ ഭാഗ്യം ലഭിച്ച കത്തോലിക്കാ സഭയിലെ അപൂര്‍വ ബഹുമതിയാണ് കണ്ടോത്ത് കുടുംബത്തിന് ഇതുവഴി കൈവന്നത്.
സ്വന്തം ജനത്തോട് അദമ്യമായ സ്‌നേഹം ഉള്ളില്‍ സൂക്ഷിച്ചിരുന്ന പ്രൊഫ. വി.ജെ. ജോസഫ് രണ്ടാം ലോകമഹായുദ്ധം നടന്നുകൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍ നാട്ടില്‍ ദാരിദ്ര്യം വര്‍ദ്ധിച്ചപ്പോള്‍ അതില്‍ നിന്നും രക്ഷനേടുന്നതിനായി സ്വന്തം സമുദായാഗങ്ങളെ അന്നത്തെ രൂപതാദ്ധ്യക്ഷനായ മാര്‍ അലക്‌സാണ്ടര്‍ ചൂളപ്പറമ്പിലിന്റെ അനുമതിയോടെയും അനുഗ്രഹത്തോടെയും മലബാറിലേക്ക് നയിച്ച് 1943 ല്‍ രാജപുരം കോളനി കുടിയേറ്റം സാധിതമാക്കി.
ഇതിനുവേണ്ടി പ്രൊഫ. വി.ജെ. ജോസഫ് അനുഭവിച്ച ത്യാഗങ്ങള്‍ ഏറെ വലുതായിരുന്നു. മംഗലാപുരം സെന്റ് അലോഷ്യസ് കോളജിലെ തന്റെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ വഴി കാസര്‍ഗോഡ് ഹോസ്ദുര്‍ഗ് പ്രദേശങ്ങളിലെ ജന്മിമാരുമായി ബന്ധപ്പെട്ട് 1800 ഏക്കര്‍ സ്ഥലംവാങ്ങിച്ചു. ഒരു കുടുംബത്തിന് 12.5 ഏക്കര്‍ വച്ചാണ് ഭൂമി അന്ന് അളന്ന് നല്‍കിയത്.
ഇടവകകൾ തോറും സഞ്ചരിച്ചു കുടിയേറ്റത്തിന്റെ ആവശ്യവും അതിന്റെ സാധ്യതകളും ആളുകളെ ബോധ്യപ്പെടുത്തുന്നതിൽ അദ്ദേഹം പല ഇടവകകളിലും പല വൈദികരിൽ നിന്നും നിസഹകരണം ഉണ്ടായിട്ടും അതിനെ വെല്ലുവിളിച്ചു വീടുകളിൽ യോഗം വിളിച്ചു ആളുകളെ ബോധവാന്മാരാക്കി അവരെ കൂടെ കൂട്ടി നടത്തിയ , ഇന്നത്തെ ചില വൈദികരുടെ ഭാഷയിലെ “ ഒരു സഭാ വിരുദ്ധ “ വിപ്ലവം ആയിരുന്നു മലബാർ കുടിയേറ്റം . രാജപുരത്തു കുടിയേറിയ സ്വന്തം ജനങ്ങൾക്ക് ക്നായക്കാരനല്ലാത്ത മെത്രാന്റെ കീഴിൽ പോകേണ്ട ഗതികേട് വന്നപ്പോൾ മംഗലാപുരം മെത്രാന്റെ മേലുള്ള തന്റെ സ്വാധീനം ഉപയോദിച്ചു കോട്ടയം രൂപതയിലെ വൈദികർക്ക് ഭാരതപ്പുഴക്ക് വടക്കു സീറോ മലബാർ രീതിൽ കുർബാന ചെല്ലിപ്പിക്കുവാനുള്ള അവസരം വാങ്ങിയെടുത്തതും കണ്ടോത് സാർ എന്ന അല്മായൻ ആണെന്നുള്ളത് സീറോ മലബാർ ചരിത്രത്തിൽ നിന്നും സഭാധികാരികൾ മനപൂർവം തേച്ചു മാച്ചു കളഞ്ഞിരിക്കുന്നു ക്നാനായക്കാർക്ക് ഒരിക്കലും പൊറുക്കുവാൻ കഴിയാത്ത പാതകം ആണ്
എ.ഡി. 345 ലെ പ്രേഷിത കുടിയേറ്റ യാത്രയില്‍ പങ്കെടുത്ത 72 കുടുംബങ്ങളെ സ്മരിച്ച് രാജപുരം കുടിയേറ്റത്തില്‍ പങ്കെടുത്തവരും 72 കുടുംബങ്ങളായിരുന്നു. രാജപുരം കുടിയേറ്റം മെച്ചമായി എന്ന് മനസ്സിലായപ്പോള്‍ കണ്ണൂരില്‍ നിന്നും മുപ്പത് മൈല്‍ ദൂരെയുള്ള ശ്രീകണ്ഠപുരത്ത് 2000 ഏക്കര്‍ സ്ഥലം വാങ്ങി 100 കുടുംബങ്ങളെ താമസിപ്പിച്ചു. അതിന് അലക്‌സ് നഗര്‍ കോളനി എന്നു പേരിട്ടു. മലബാര്‍ കുടിയേറ്റങ്ങള്‍ക്ക് നെടുനായകത്വം വഹിച്ച പ്രൊഫ. വി.ജെ. ജോസഫിന്റെ ദീര്‍ഘവീക്ഷണം ഇന്നു മലബാറിനെ തന്നെ മാറ്റിമറിച്ചിരിക്കുന്നു . സമുദായത്തിന് കീഴില്‍ തന്നെ ധാരാളം ദേവാലയങ്ങൾക്കും സ്‌കൂളുകൾക്കും കോളേജുകൾക്കും തൊഴില്‍ മേഖലകള്‍ക്കും തുടക്കംകുറിക്കുവാന്‍ കഴിഞ്ഞത് വഴി മലബാര്‍ അക്ഷരാര്‍ത്ഥത്തില്‍ മാറി കഴിഞ്ഞു . പ്രഗത്ഭരായ നിരവധി സമുദായാംഗങ്ങള്‍ സ്വദേശത്തും വിദേശത്തുമായി ജോലിചെയ്യുന്നു. ഇതിന്റെയെല്ലാം തുടക്കം ദൈവത്തിന്റെ കരസ്പര്‍ശം പ്രൊഫ. വി.ജെ. ജോസഫിലൂടെ സാധിതമായതുകൊണ്ട് മാത്രമാണ്
1954 ല്‍ തിരുക്കൊച്ചി നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ പള്ളിവാസല്‍ നിയോജകമണ്ഡലത്തില്‍നിന്നും എം.എല്‍.എ. ആയി പ്രൊഫ. വി.ജെ. ജോസഫ് തിരഞ്ഞടുക്കപ്പെട്ടു.
കൈപ്പുഴയുടെ മണ്ണിൽ 1937 ൽ ക്‌നാനായ കത്തോലിക്കാ മഹാജനസഭ രൂപമെടുത്തപ്പോൾ അതിന്റെ പ്രഥമ പ്രസിഡന്റായി പ്രൊഫ. വി.ജെ. ജോസഫിനെ തെരഞ്ഞെടുത്തു. ശ്രീ ജോസഫ് ചാഴികാടൻ സെക്രട്ടറി ആയും ശ്രീ എബ്രഹാം പതിയിൽ ട്രഷറർ ആയും അന്ന് തുടങ്ങി വെച്ച ക്നാനായ കത്തോലിക്കാ മഹാജന സഭയുടെ രൂപാന്തരമായ ഇന്നത്തെ കെ സീ സീ യുടെ മെത്രാന് വീറ്റോ പവർ കൊടുത്തും കൊണ്ടുള്ള ഇന്നത്തെ സ്ഥിതിയും എന്തിനും ഏതിനും ചാപ്ളെയിൻറെ മുൻപിൽ ഓച്ഛാനിച്ചൊടുങ്ങുന്ന ദുർ ഗതിയും പ്രത്യേകിച്ച് പ്രസ്താവിക്കേണ്ടതില്ല.
1957 ല്‍ അഖിലകേരള കത്തോലിക്ക കോണ്‍ഗ്രസിന്റെ പ്രസിഡന്റായി പ്രൊഫ. വി ജെ ജോസഫ് തിരഞ്ഞെടുക്കപ്പെട്ടു. വിദ്യാഭ്യാസ മന്ത്രിയായിരുന്ന ജോസഫ് മുണ്ടശ്ശേരിയുടെ വിദ്യാഭ്യാസ ബില്ലിനെതിരെ ആഞ്ഞടിച്ച ബഹുജന പ്രക്ഷോഭണത്തിന് പ്രൊഫ. വി.ജെ. ജോസഫ് നേതൃത്വം നല്‍കി.1949 ല്‍ മംഗലാപുരം കോളജില്‍ നിന്നും പ്രൊഫ. വി.ജെ. ജോസഫ് വിരമിച്ചു. തുടര്‍ന്ന് പാലാ സെന്റ് തോമസ് കോളജില്‍ വൈസ് പ്രിന്‍സിപ്പലായി മാര്‍ സെബാസ്റ്റ്യന്‍ വയലില്‍ പ്രൊഫ. വി.ജെ. ജോസഫിനെ നിയമിച്ചു.1953 ല്‍ മൂവാറ്റുപുഴ നിര്‍മല കോളജിന്റെ പ്രിന്‍സിപ്പലായി കോതമംഗലം ബിഷപ്പ് മാര്‍ പോത്തനാമൂഴി നിയമിച്ചു.
1955 ല്‍ കോട്ടയം ബി.സി.എം. കോളജ് ആരംഭിച്ചപ്പോള്‍ പ്രഥമ പ്രിന്‍സിപ്പലായി മാര്‍തോമസ് തറയില്‍ പ്രൊഫ. വി.ജെ. ജോസഫിനെ നിയമിച്ചു.ഉദ്യോഗത്തിലിരിക്കെ പ്രൊഫ. വി.ജെ. ജോസഫ് തനിക്ക് ലഭിച്ചിരുന്ന ശമ്പളത്തില്‍ ഒരു വിഹിതം പാവങ്ങള്‍ക്കും അനാഥര്‍ക്കുമായി എത്രയും വേഗം എത്തിച്ചിരുന്നു. പ്രൊഫ. വി.ജെ. ജോസഫിന്റെ ചിന്തോമുകുരത്തില്‍ രൂപം എടുത്ത മലബാര്‍ കുടിയേറ്റം എന്ന ആശയം ഏറെ തിക്താനുഭവങ്ങളിലൂടെയാണ് അദ്ദേഹം നേടിയെടുത്തത്. വിദ്യാഭ്യാസ രംഗത്തെ മികവും പൊതുപ്രവര്‍ത്തനങ്ങളില്‍ പ്രകടിപ്പിച്ച സത്യസന്ധതയും സമുദായ സേവനവും സര്‍വോപരി ആര്‍ദ്രമായ മനുഷ്യസ്‌നേഹവും കണക്കിലെടുത്ത് അഭിവന്ദ്യ മാര്‍ തോമസ് തറയില്‍ അദ്ദേഹത്തിന് ഷെവലിയര്‍ പദവി നല്‍കി അംഗീകാരം കൊടുത്തു.കുടുംബത്തേയും കുടുംബബന്ധങ്ങളേയും ഒത്തിരി സ്‌നേഹിച്ച ഈ ധന്യപുരുഷന്റെ സ്മരണ കൂടുതൽ സജീവമായി നിലനിര്‍ത്തുവാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വേരുകള്‍ പാകിയിരിക്കുന്ന ഈ കുടുംബ വംശാവലി തയ്യാറാകേണ്ടിയിരിക്കുന്നു .
1969 ജൂലൈ 24 ന് ഷെവലിയര്‍ പ്രൊഫ. വി.ജെ. ജോസഫ് ദൈവപിതാവിന്റെ പക്കലേക്ക് യാത്രയായി. പിന്നിട്ട സമുദായത്തെക്കുറിച്ച് ചിന്തിക്കുമ്പോഴും പഠിക്കുമ്പോഴും എഴുതുമ്പോഴും ക്‌നായിത്തോമ്മാക്കുശേഷം ഈ ധീഷണ ശാലിയേയും സ്മരിക്കാതെ മുന്‍പോട്ട് പോകുക സാധ്യമല്ല.ഇന്നലകളുടെ ഇരുട്ടിൽ തപ്പി തടഞ് കഠിനാധ്വാനം ചെയ്ത കഴിഞ്ഞ തലമുറകളുടെ അധ്വാന ഫലമാണ് ഇന്നിന്റെ പ്രകാശത്തിൽ ജോലി ചെയ്ത് സുഖ സമൃദ്ധിയിൽ ഈ തലമുറക്ക് ജീവിക്കുവാൻ കാരണമാകുന്നത് എന്ന യാഥാർഥ്യം ഉൾക്കൊള്ളുവാൻ പ്രൊ വി ജെ ജോസെഫിന്റെ ജീവിതം മാതൃകയായി സ്വീകരിക്കാം .
വന്ദിച്ചില്ലെങ്കിലും നിന്ദിക്കരുത് എന്നൊരു ചൊല്ലുണ്ട്. വെളിവ് നഷ്ട്ടപ്പെട്ട് , വി. ക്നായി തോമ്മായുടെ പ്രതിമയെ പോലീസ് ബന്തവസ്സിലേക്ക് തള്ളിവിടാൻ പോലും മടിക്കാതിരുന്ന ഇന്നത്തെ രൂപതാ നേതൃത്വത്തിന്. സ്വന്തം സമുദായങ്ങങ്ങളെ വടക്കുംഭാഗറിലേക്ക് ലയിപ്പിക്കുവാൻ നയ്യാമികമായും ശ്രമിച്ചു കൊണ്ടിരിക്കുന്ന മൂലക്കാട്ട് മെത്രാനും കൂട്ടാളികൾക്കും പൊറുതിക്ക് കാരണവന്മാരുടെ കാരുണ്യത്തിനായി യാചിക്കാം, വിശുദ്ധ ക്നായി തോമ്മായ്ക്കൊപ്പം, വി.ജെ. ജോസഫ് കണ്ടോത്ത് എന്ന നലം തികഞ്ഞ സമുദായ സ്‌നേഹിയുടെ ഓർമകളും കോട്ടയം അതിരൂപതയില്‍ സമുദായ സ്നേഹികൾക്കിടയിൽ എക്കാലവും ഒരനുഗൃഹമായി, പ്രചോദനമായി നിറഞ്ഞ് നില്‍ക്കട്ടെ എന്നാഗ്രഹിക്കുകയും അവരോടായി പ്രാർഥിക്കുകയും ചെയ്യാം.
ക്നാനായക്കാരുടെ മലബാർ കുടിയേറ്റത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ഷെവ: വി ജെ ജോസഫ് കണ്ടോത്തിനെ ക്കുറിച്ച് എത്ര പറഞ്ഞാലും മതിയാകില്ല അത്തരം സമുദായ സ്നേഹികൾ ഇന്ന് വളരെ കുറവാണെന്ന് സമുദായത്തിന്റെ ഇന്നത്തെ അവസ്ഥ മനസ്സിലാക്കുകയും സമുദായത്തിന്റെ വളർച്ചയും തളർച്ചയും മനസ്സിലാക്കുന്ന, സമുദായം നേരിടുന്ന ഇന്നത്തെ പ്രതിസന്ധി മനസ്സിലാക്കുന്ന വ്യക്തികളാണ് സമുദായത്തെ നിലനിർത്തുന്നതും പരിപോഷിപ്പിക്കുന്നതും
ReplyDelete