ക്നാനായ പൈതൃകം കൈമോശം വന്നു പോകാതിരിക്കുവാൻ വേണ്ടി പൊരുതുന്ന സമുദായ സംരക്ഷകർ കൊടുത്ത കേസിൽ അടുത്ത നാളിൽ സമുദായത്തിന് അനുകൂലമായ വിധി ലഭിക്കുകയുണ്ടായി. എന്നാൽ അതിൽ വലിയ കഥ ഇല്ലെന്നു പറഞ്ഞു സഭയുടെ വക്കീലിന്റെ മറുപടിയും വരികയുണ്ടായി. വാദിയും പ്രതികളും സമുദായക്കാർ തന്നെ. ആര് ആരെയാണ് തോല്പിക്കുവാൻ ശ്രമിക്കുന്നത്? എന്തിനു വേണ്ടി? ധനനഷ്ടവും സമുദായക്കാർക്കു തന്നെ. കേസ് തോറ്റാലും ജനങ്ങളുടെ നേർച്ചപണമല്ലെ. നഷ്ട്ടം ഇല്ലാതെ നിൽക്കുന്നത് ഇത്തിക്കണ്ണികളായ സഭാഭരണകർത്താക്കൾ തന്നെ. കാരണം മുതൽ മുടക്കില്ലാതെ, അദ്ധ്വാനിക്കുന്നവരുടെ വിയർപ്പുതുള്ളികൾ കൊണ്ട് വിദ്യാഭ്യാസവും, ഭക്ഷണവും തൊഴിലും ലഭിച്ചവർക്ക് നഷ്ടപ്പെടുവാൻ ഒന്നുമില്ല.
തങ്ങൾക്കിടയിൽ എന്താണ് സംഭവിക്കുന്നതെന്ന് ചിന്തിക്കുവാൻ പലപ്പോഴും വിശ്വാസികൾ മിനക്കെടുന്നില്ല. നിങ്ങളുടെ വളർച്ചയ്ക്കും നിലനില്പിനും കോട്ടയം രൂപതയോ, സിറോമലബാർ സഭയോ അത്യാവശ്യമാണോ? അല്ല എന്നത് ചിന്തിച്ചാൽ മനസ്സിലാവും. നിങ്ങളുടെ കഠിനാദ്ധ്വാനവും നിശ്ചയദാർഢ്യവും വേണ്ടപ്പെട്ടവരുടെ സഹായവും ആണ് നിങ്ങൾ ഇപ്പോൾ എന്തായിരിക്കുന്നുവോ അവിടെ എത്തിച്ചത്. നമ്മൾ കഷ്ട്ടപ്പെട്ടുണ്ടാക്കിയ പള്ളികളിലും സ്ഥാപനങ്ങളിലും ഇരുന്നു നമ്മെ ഭരിക്കുവാനും, കാനോൻ നിയമത്തിന്റെ പേരും പറഞ്ഞു ഭയപ്പെടുത്തി ജീവിതം ദുരിതഭരവും ദുസ്സഹവും ആക്കിത്തീർക്കുവാനുമേ അവർക്കു സാധിക്കു എന്നത് നമ്മൾ നേരിട്ട് അനുഭവങ്ങളിലൂടെ മനസ്സിലാക്കി. നമ്മുടെ മെത്രാന്മാരും വൈദികരും കൂടി ആദ്യം വിദേശങ്ങളിലും പിന്നീട് നാട്ടിലും നമ്മുടെ ഒരുമയ്ക്ക് വളരെയേറെ ക്ഷതം വരുത്തിയിട്ടും നമ്മൾ സഭയ്ക്കും സമുദായത്തിനും വേണ്ടി മല്ലടിക്കുന്നത് നമ്മുടെ സ്നേഹവും ഒരുമയും സംരക്ഷിക്കുവാൻ വേണ്ടിയാണ്. നമ്മുടെ സഭാവാക്താക്കൾ നാട്ടിലെ ഓരോ ഇടവകകളിലും അശാന്തി വിതറുന്നത് നേരിട്ട് അനുഭവിച്ചറിയുവാൻ നിങ്ങൾ ഏവർക്കും ഇപ്പോൾ സാധിക്കുന്നു, വിതയ്ക്കുന്നതെ കൊയ്യുവാൻ സാധിക്കൂ. തെറ്റുകൾക്കെതിരെ പ്രതികരിക്കാതെ മൗനാനുവാദം നൽകിയാൽ നമ്മൾ സ്വയം നമ്മുടെ ശവകുഴി തോണ്ടുകയാവും ചെയ്യുന്നത്.
സ്വന്തം കാലിൽ നിന്ന് പരിചയമില്ലാത്ത, സഭയുടെ ആജ്ഞാനുവർത്തികളായി മാത്രം ശീലമുള്ള, KCC യുടെ നട്ടെല്ലില്ലാത്ത നേതാക്കളുടെ കീഴിലേക്ക് വിദേശങ്ങളിലെ അസോസിയേഷനുകളെ എല്ലാം തളച്ചിടുവാനുള്ള സഭാപിതാക്കന്മാരുടെ വ്യാമോഹം അപാരം തന്നെ. ഉന്നത വിദ്യാഭ്യാസവും, വിദേശങ്ങളിലെ പരിചയ സമ്പത്തും കഠിനാദ്ധ്വാനവും, സ്വന്തമായ വ്യക്തിത്വവും കൈമുതലായുള്ളവരെ അകറ്റി നിർത്തികൊണ്ടുള്ള പള്ളി കമ്മറ്റികളേയും, പാരിഷ് കൗൺസിലുകളേയും മുന്നിൽ നിർത്തികൊണ്ടുള്ള സഭാധികാരികളുടെ കള്ളകളികൾ സഭയ്ക്ക് തന്നെ കളങ്കമാണ്. പക്ഷെ കളങ്കിതരായ, നാഴികയ്ക്ക് നാല്പതു വട്ടം പറഞ്ഞത് മാറ്റിപ്പറയുന്ന സഭാനേതാക്കൾക്ക് ലജ്ജ എവിടെ?
സഭാധികാരികൾ ഒരു കാര്യം മറക്കാതിരുന്നാൽ നല്ലത്. സഭയെ കെട്ടിപ്പടുത്തിരിക്കുന്നതു വിശ്വാസത്തിന്റെ പുറത്താണ്. സ്വർഗ്ഗവും നരകവും എല്ലാം തെളിവുകൾ ഇല്ലാതെ വിശ്വാസത്തിന്റെ പുറത്തു മാത്രം നിലനിൽക്കുന്നവയാണ് എന്നത് ധാരാളംപേർക്കും അറിയാം. ആധുനിക സാങ്കേതിക വിദ്യകളും സയൻസിന്റെ കണ്ടുപിടുത്തങ്ങളും നക്ഷത്രവ്യൂഹങ്ങളുടെ ഉത്ഭവങ്ങളെയും അതിനെ ന്യായീകരിക്കുന്ന തെളിവുകളോടെ മുന്നേറിക്കൊണ്ടിരിക്കുന്ന ഇക്കാലത്തു സഭാധികാരികളുടെ നിരുത്തരവാദിത്ത പ്രവർത്തികളും പെരുമാറ്റവും അല്മായരുടെ വിശ്വാസങ്ങളിൽ വിള്ളൽ സൃഷ്ട്ടിക്കുവാനിടയായാൽ അത് സഭയുടെ നിലനില്പിനെ തന്നെ ബാധിക്കും. സഭയ്ക്ക് വിശ്വാസികൾ ഇല്ലാതായാലത്തെ കഥ വിവരിക്കേണ്ടതില്ലല്ലോ! സഭയുടെ അനീതിപരമായ നിലപാട് തുടർന്നാൽ പോപ്പിന്റെ കല്പനയെ പോലും മാനിക്കില്ല എന്ന എറണാകുളം അങ്കമാലി രൂപത വിശ്വാസികളുടെയും വൈദികരുടെയും നിലപാടുകൾ സഭയുടെ നിലനില്പിനെ തന്നെ ചോദ്യം ചെയ്യപ്പെടുന്നു. കോടതികളിൽ നിന്നും സഭയുടെ നേതാക്കൾക്കെതിരെയും സഭയുടെ നിലപാടുകൾക്കെതിരെയും വിധികൾ വരുന്ന ഈ കാലഘട്ടത്തിൽ സഭാധികാരികൾ ജാഗരൂപരായി നേർവഴികളിലൂടെ ചരിച്ചില്ലെങ്കിൽ നേരിടേണ്ടിവരുന്ന ഭവിഷ്യത്തുകൾ സഭയുടെ ഗതി തന്നെ മാറ്റിമറിക്കും.
നമ്മൾ ജീവിക്കുന്ന ചുറ്റുപാടുകൾ നല്ലതും ചീത്തയുമാകുന്നത് നാം ഓരോരുത്തരുടെയും പ്രവർത്തികളേക്കാൾ ഉപരി സത്യം പറഞ്ഞാൽ മറ്റുള്ളവർ എന്ത് വിചാരിക്കും, എന്ത് പറയും എന്ന ഭയത്തിൽനിന്ന് ഉളവാകുന്ന നമ്മുടെ നിർവികാരത മൂലമാണ്. സ്വർഗ്ഗരാജ്യം നൽകുവാൻ സഭയെക്കൊണ്ട് സാധിക്കില്ല. അത് നാം ഓരോരുത്തരുടെയും സൽകൃത്യങ്ങൾ കൊണ്ടേ സാധിക്കൂ. അതാണ് വിശ്വാസികൾ മനസ്സിലാക്കേണ്ടത്. ധാർഷ്ട്യം വെടിഞ്ഞു ക്നാനായക്കാരുടെ മെത്രാനായി അവരോടൊപ്പം നിലകൊണ്ട് നമുക്കിടയിൽ നഷ്ട്ടപെട്ടു പോയ ഒരുമയും സ്നേഹവും സമാധാനവും വീണ്ടെടുത്ത് അവരിലൊരാളായി കഴിയുവാൻ സാധിച്ചാൽ അത് കോട്ടയം രൂപതയുടെ നേട്ടമായിരിക്കും.
- Stephen Thottanani