തെണ്ടലിലെ അഭിമാനം - John Karamyalil


John Karamyalil, Chicago
St. Stephen’s Forane Church, Uzhavoor

സീറോ മലബാർ കത്തോലിക്കസഭയുടെ 5 -)മത്തെ മേജർ ആർക്കിഎപ്പിസ്കോപ്പൽ അസംബ്ളി (Fifth Major Archiepiscopal Assembly) 2024 ഓഗസ്റ്റ് 22, 23, 24, 25 തീയതികളിൽ പാലയിൽവച്ച് നടന്നു. സഭാപരമായ സുപ്രധാന തീരുമാനങ്ങൾ    എടുക്കുവാനുള്ളതാണ് ഈ കൂട്ടായ്‌മ. ഈ അസംബ്ലിയിൽ ലോകമെമ്പാടുമുള്ള ക്‌നാനായ സമുദായഗംങ്ങൾക്ക് കോട്ടയം അതിരൂതാധ്യക്ഷന്റെ ആത്മീയാധികാര പരിധിയിൽ വരണമെന്ന ആവശ്യം അമേരിക്കയിൽ നിന്നുമുള്ള ശ്രീ ടോണി പുല്ലാപ്പള്ളിയും, കേരളത്തിൽ നിന്നുമുള്ള ശ്രീ ബാബു പറമ്പടത്തുമലയിലും അവരുടെ പ്രസംഗത്തിൽ അഭ്യർത്ഥിക്കുകയും അപേക്ഷിക്കുകയും ചെയ്തു; ഒപ്പം അതിനു കാത്തിരിക്കുകയാണന്നും പറഞ്ഞു. 

ശ്രീ ടോണി പുല്ലാപ്പള്ളി തന്റെ പ്രസംഗത്തിൽ അവതരിപ്പിക്കുവാൻ പോകുന്ന പ്രശ്‍നം പലപ്പോഴായി സിനഡിന്റെ മുമ്പിൽ അവതരിപ്പിച്ചിട്ടുണ്ടന്നും, അതിനെല്ലാം അനുകൂലമായ വാഗ്‌ദാനങ്ങൾ കിട്ടിയിട്ടുണ്ടന്നും, എന്നാൽ ആ വാഗ്‌ദാനങ്ങളെല്ലാം ഇപ്പോഴും വാഗ്‌ദാനങ്ങളായി മാത്രം നിലകൊള്ളുകയാണന്നുമുള്ള സത്യം പറഞ്ഞു. അമേരിക്കയിൽ മാത്രമായി 15 പള്ളികൾ ക്നാനായക്കാർക്കാണന്നു തെറ്റിദ്ധരിപ്പിച്ചു ക്നാനായക്കാരെക്കൊണ്ട് വാങ്ങിപ്പിച്ചു. കൊമ്പനാനയ്ക്ക് ഗർഭം ഉണ്ടന്ന് ഒരച്ഛനോ മെത്രാനോ പറഞ്ഞാൽ അത് വിശ്വസിക്കുന്ന ക്‌നാനായ കത്തോലിക്കർ ഈ പള്ളികൾ എല്ലാം തങ്ങളുടേതാണന്ന് ഇപ്പോഴും വിശ്വസിക്കുന്നു. ഈ പള്ളികളെല്ലാം വെഞ്ചരിച്ചപ്പോൾ ക്നാനായക്കാരുടെ ഏക മെത്രാപ്പോലീത്തയായ മാത്യു മൂലക്കാട്ട് മെത്രാനെ വെറും കാഴ്ചക്കാരനായി നിർത്തിയ ചിക്കാഗോയിലെ ജേക്കബ് അങ്ങാടിയത്ത്, ജോയി ആലപ്പാട്ട് മെത്രാന്മാരെ ടോണി പുല്ലാപ്പള്ളി വാനോളം പുകഴ്ത്തിയതും, അവരുടെ സഹകരണത്തെ സ്നേഹപൂർവ്വം കാണുന്നുവെന്നും, ഇങ്ങനെ അവരെ വാഴ്ത്തിപ്പാടി പുകഴ്ത്തി അവരിൽനിന്നും കാര്യസാധ്യം നേടാമെന്ന് ടോണി ചിന്തിക്കുന്നതും എടുത്ത് പറയേണ്ടതാണ്. അമേരിക്കയിലെ ക്നാനായർ വാങ്ങിച്ച പള്ളികളിൽ മാറിക്കെട്ടിയവരുൾപ്പെടെ ആര് വന്നാലും അവർക്ക് പൂർണ്ണമായ ഇടവകാഗംത്വം കൊടുത്തുകൊള്ളണമെന്നു കൽപിച്ചതിനെയാണ് അവരുടെ വലിയ സഹകരണമായി ടോണി കാണുന്നത്. അതുപോലെ കോട്ടയം രൂപതാധ്യക്ഷനു ലോകമെമ്പാടുമുള്ള ക്നാനായക്കാരുടെമേൽ അധികാരം കിട്ടിയാൽ ക്നാനായക്കാർ എന്നും സഭയുടെ വളർച്ചയിൽ ഉണ്ടായിരിക്കുമെന്നും പറഞ്ഞു. അങ്ങനെയല്ലാഞ്ഞിട്ടും അവർ സഭയോടൊപ്പമാണല്ലൊ. പിന്നെ സ്വന്തം കൈയ്യിൽ കിട്ടിയ അധികാരം അവർ എന്തിനു നഷ്ടപ്പെടുത്തണം. അവർ അത്രയ്ക്ക് പൊട്ടന്മാരാണന്നു ധരിക്കുന്നവരാണ് യഥാർത്ഥ പൊട്ടന്മാർ. ടോണി ചോദിച്ചതിനെല്ലാം വെറുതെ കാത്തിരിക്കുന്നതിലും പ്രാർത്ഥിക്കുന്നതിലുമൊന്നും ആർക്കും ഒരു ഛേദവും പരിഭവവുമില്ല. 

ശ്രീ ബാബു പറമ്പടത്തുമലയിൽ, ക്‌നാനായ ശാക്തീകരണത്തെയും കോട്ടയം വികാരിയത്തിനെയും വിദേശ കുടിയേറ്റത്തെയുമൊക്കെപ്പറ്റി പറഞ്ഞു. ഇതൊന്നും അവിടെ കൂടിയിരുന്ന മെത്രാന്മാർക്കും ജനത്തിനും അറിയാഞ്ഞിട്ടോ, അറിയാനോ അല്ല, ഒരു മിനിറ്റു കഴിയുമ്പോൾ ഇതൊക്കെ ഇറങ്ങി പൊയ്ക്കൊള്ളുമല്ലോ എന്നോർത്തിട്ടാണ് ഇവരെ അവിടെ അടുപ്പിക്കുന്നത്. അതോടൊപ്പം, കോട്ടയം മെത്രാനു ലോകമെമ്പാടുമുള്ള ക്നാനായക്കാരുടെമേൽ അജപാലനാധികാരം കിട്ടിയില്ലങ്കിൽ സമുദായത്തിന്റെ തനിമ നഷ്ടപ്പെടുമെന്നും, ക്‌നാനായക്കാർ അസ്വസ്ഥർ ആവുമെന്നും, തീരുമാനമെടുക്കുവാൻ വൈകുംന്തോറും ക്‌നാനായ സമുദായഗംങ്ങൾ കൂടുതൽ അസ്വസ്ഥരാകുമെന്നും, തൽഫലമായി പ്രതിസന്ധികളും പ്രശ്നങ്ങളും വർദ്ധിച്ചുവരുമെന്നുമൊക്കെ പറഞ്ഞു. ഇതെല്ലാം  അവിടെ കൂടിയിരിക്കുന്നവർക്ക് അറിവുള്ളതാണ്. അവരുടെയെല്ലാം ലക്ഷ്യം എങ്ങനെയും ക്‌നാനായ സമുദായത്തെ ഇല്ലാതാക്കുക എന്നതാണ്. ഇങ്ങനെ സമുദായത്തിൽ പ്രതിസന്ധികളും പ്രശ്നങ്ങളും സൃഷ്ടിച്ച് അസ്വസ്ഥരാക്കിയും, കുറെ ക്നാനായക്കാരെ വിലയ്ക്കു വാങ്ങിയും നശിപ്പിക്കുവാനായിട്ടാണ് സീറോ മലബാർ നേതൃത്വം ശ്രമിക്കുന്നത്. ഓടുന്ന വണ്ടിയ്ക്ക് ബ്രേയ്ക് എന്നതുപോലെ കുറെ അത്മായർ പിടിച്ചു നിർത്തുന്നതുകൊണ്ടു മാത്രമാണ് ഇന്നും ക്‌നാനായ സമുദായം കയത്തിൽ വീഴാതെ നിലനിൽക്കുന്നത്; അല്ലാതെ കുറെ ക്‌നാനായ മെത്രാന്മാരും അച്ഛന്മാരും ഉള്ളതുകൊണ്ടല്ല. സമുദായത്തിനു ഉചിതമായ മറുപടി ബാബു പറമ്പടത്തുമലയിൽ കോഴിയ്ക്ക് മുല വരുന്നതു നോക്കിയിരിക്കുന്നതുപോലെ സീറോയിൽ പ്രതീക്ഷിക്കുന്നതിലും പ്രാർത്ഥിക്കുന്നതിലും സീറോ മെത്രാന്മാർക്കാർക്കും ഒരു പ്രശ്നവുമില്ല.  

ശ്രീ ടോണി പുല്ലാപ്പള്ളിയും ശ്രീ ബാബു പറമ്പടത്തുമലയിലും പാലായിലെ ഈ അസംബ്ലിയിൽ പ്രസംഗിച്ചത്, 'പുലിമടയിൽ ചെന്ന് പ്രസംഗിച്ചു'വെന്നു പറയുന്നത് തികച്ചും ശുദ്ധ അസംബന്ധം ആണ്. കഴിഞ്ഞ 25 വർഷക്കാലത്തിലേറെയായി എന്നും ചോദിച്ചുകൊണ്ടിരിക്കുന്നതും അപേക്ഷിച്ചുകൊണ്ടിരിക്കുന്നതും, നായയുടെ കഴുത്തിൽ ഉടമസ്ഥൻ ചങ്ങലയിട്ട് അടിമയാക്കി അന്യരുടെനേരെ കുരപ്പിക്കുന്നതുപോലെ ഇവരെക്കൊണ്ടു ക്‌നാനായരുടെ മുമ്പിൽ ഗർജ്ജിപ്പിച്ചു.  എന്നാൽ കോട്ടയത്തു, കൈപ്പുഴയിൽ, ക്‌നാനായക്കാരുടെ തട്ടകത്തിൽ വന്ന്, എല്ലാ ക്‌നാനായ മെത്രാന്മാരെയും അച്ഛന്മാരെയും നേതാക്കളെയും വേദിയിലിരുത്തി നിങ്ങളുടെ (ക്നാനായക്കാരുടെ) ആവശ്യങ്ങൾ തനിക്കു മുമ്പിരുന്ന വർക്കി വിതയത്തിൽ മെത്രാനും തന്നില്ല, താനും തരില്ല, തനിക്കുശേഷം വരുന്നവരും തരില്ലായെന്നു അന്നത്തെ സീറോ മലബാർ സഭയുടെ തലവനായിരുന്ന ജോർജ്ജ് ആലഞ്ചേരി മെത്രാൻ ഉറക്കെ പറഞ്ഞതാണ് പുലിമടയിൽ വന്നു പറഞ്ഞുവെന്നു പറയാവുന്നത്.   

 'അഭിമാനം നഷ്ടപ്പെടുത്തിക്കൊണ്ട് എന്തെങ്കിലും വാങ്ങിക്കുവാൻ കരം നീട്ടുന്നത് ഒരു തറവാടിത്വത്തിനു ചേർന്നതല്ല, അതുകൊണ്ടുതന്നെ പലപ്പോഴും നമ്മുടെ സമുദായം അർഹിക്കുന്ന പലതും ലഭിക്കാതെ മാറ്റിനിർത്തപ്പെട്ടിട്ടുണ്ട്', എന്ന് റാഫേൽ തട്ടിൽ മെത്രാൻ പറഞ്ഞിടത്താണ്, തരാത്തിടത്തുനിന്നും അർഹിക്കുന്നത് പിടിച്ചുമേടിക്കാതെ ആശ്രിതവത്സരരായി നിന്നുകൊണ്ട് ഇവർ അപേക്ഷിച്ചു തെണ്ടുന്നത്. അർഹിക്കുന്നത് തരണം, അല്ലങ്കിൽ ഞങ്ങൾ നിങ്ങളെ വിട്ടുപോകുമെന്നു ഇവരാരും ഇതുവരെ പറഞ്ഞിട്ടില്ലന്നുള്ളത് വളരെ ഖേദത്തോടെ നമ്മൾ ഓർക്കേണ്ടതും തിരുത്തേണ്ടതുമാണ്. അമേരിക്കയിലേയ്ക്ക് കുടിയേറിയിരിക്കുന്ന ഏതാണ്ട് മുപ്പത്തിയയ്യായിരത്തിൽപരം (35000) വരുന്ന ക്‌നാനായ സമൂഹത്തിന്റെ പ്രതിനിധിയായിട്ടാണ് താൻ വന്നു പ്രസംഗിക്കുന്നതെന്ന് ശ്രീ ടോണി പുല്ലാപ്പള്ളിയും, KCC യുടെ പ്രസിഡന്റായിട്ടാണ് പ്രസംഗിച്ചതെന്ന് ശ്രീ ബാബു പറമ്പടത്തുമലയിലും പറയാതിരുന്നുവെങ്കിൽ ഇവർ മാത്രം നാറിയാൽ മതിയായിരുന്നു; ഇങ്ങനെ പറഞ്ഞതിലൂടെ ക്‌നാനായ സമുദായത്തെ മൊത്തമായിട്ടാണ് ഇവർ നാറ്റിച്ചത്.

- John Karamyalil, Chicago
St. Stephen’s Forane Church, Uzhavoor



Post a Comment

Previous Post Next Post