പുരോഹിതശ്രേഷ്ടർ അന്നും ഇന്നും!

 

നമ്മുടെ പുരോഹിതശ്രേഷ്ടരുടെ ഇപ്പോഴത്തെ പ്രവർത്തികൾ കാണുമ്പോൾ യേശുക്രിസ്തുവിനു മുൻപും ശേഷവും ഉള്ള പുരോഹിത ശ്രേഷ്ടർക്ക് മാറ്റങ്ങൾ ഒന്നും ഉണ്ടായിട്ടില്ല എന്ന് വേണം അനുമാനിക്കുവാൻ. ജനങ്ങൾക്കിടയിലേയ്ക്ക് നന്മകളുമായി വന്ന് ലോകത്തെ രക്ഷിക്കുവാൻ ഇറങ്ങിപ്പുറപ്പെട്ട യേശുക്രിസ്തുവിനെ കുരിശിലേറ്റുവാൻ മുൻപിൽ നിന്നതു പുരോഹിതശ്രേഷ്ടരായിരുന്നു എന്നത് വിശ്വാസികൾ ഏവർക്കും അറിവുള്ളതാണ്. ഇന്നത്തെ കാനോൻ നിയമങ്ങൾ പോലെ തന്നെ യേശുവിന്റെ കാലത്തെ പുരോഹിതരുടെ നിയമങ്ങളും ജനങ്ങളെ ഞെക്കിപിഴിഞ്ഞ് ബുദ്ധിമുട്ടിക്കുവാൻ വേണ്ടി അവർ തങ്ങൾക്കു തോന്നുന്നപോലെ തന്നെ നിർമ്മിച്ചവ തന്നെയായിരുന്നു. യേശുവിന്റെ പ്രബോധനങ്ങളും, പുരോഹിതരുടെ തെറ്റായ പ്രവർത്തനങ്ങൾക്കെതിരെ തുറന്നുള്ള പരാമർശങ്ങളും വിശ്വാസികളുടെ കണ്ണ് തുറപ്പിച്ചു തങ്ങളുടെ അധികാരവും സമ്പത്തും നഷ്ടപ്പെടുമോ എന്ന് പുരോഹിതശ്രേഷ്ട്ടർ ഭയന്നു. അതിനു അവർ കൈകൊണ്ടമാർഗം സത്യങ്ങൾ വിളിച്ചുപറഞ്ഞ യേശുവിനെ ക്രൂശിലേറ്റുക എന്നതായിരുന്നു. മാത്രമല്ല, പുരോഹിതരും വിശ്വാസികളും എല്ലാവർഷവും യേശുവിന്റെ കഷ്ടപ്പാടും മരണവും വ്യസനപൂർവം ആഘോഷിച്ചു ഉത്സവമാക്കി  തീർത്തു.

തങ്ങൾ ക്രൂശിലേറ്റിയ യേശുവിന്റെ പേരും പറഞ്ഞു കെട്ടിപ്പടുത്ത സഭയുടെയും തലപ്പത്തു പുരോഹിതശ്രേഷ്ടർ സ്വയം ഉപവിഷ്ടരായി യേശുവിന്റെ കാലത്തു ചെയ്തിരുന്ന തെറ്റുകൾ, കാനോൻ നിയമങ്ങൾ എന്ന ഓമന പേരിട്ട് സ്വാർത്ഥത നിറഞ്ഞ കൽപനകളും നിയമങ്ങളും വീണ്ടും ആവർത്തിച്ചു വിശ്വാസികളെ ചൊല്പടിയിൽ നിർത്തി വാഴുന്നു! പണ്ടത്തെ പുരോഹിതർ വിശ്വാസികളെ തെറ്റായി ധരിപ്പിച്ചുകൊണ്ടു ഭരിച്ചു.  എന്നാൽ ഇന്ന് പുരോഹിതരുടെ തെറ്റുകൾ വിശ്വാസികൾ തിരിച്ചറിയുന്നു  എന്നത് മനസ്സിലാക്കിയിട്ടും  തെറ്റ് ചെയ്യുന്ന പുരോഹിതർ ലജ്ജ ലവലേശം  ഇല്ലാതെ തെറ്റുകൾ ആവർത്തിച്ചു സഭയുടെ പവിത്രതയെ മലിനപ്പെടുത്തുന്നു. അതിന് തെല്ലും വിലകൊടുക്കാതെ തങ്ങളുടെ സിനഡ് എന്തോ അത്ഭുതമാണെന്ന് വരുത്തി തീർത്തു.  അവിടെ എടുക്കുന്ന തീരുമാനങ്ങൾ അടിച്ചേൽപ്പിക്കുന്നത് യേശു പഠിപ്പിച്ചിരുന്നവയക്കു ഘടക വിരുദ്ധമാണ് എന്നത് പരസ്യമായിട്ടും  ലജ്ജ  ഇല്ലാതെ, എളിമ ലെവലേശം തൊട്ടുതീണ്ടാത്ത രീതിയിൽ പ്രവർത്തിക്കുന്നത് യേശുവിനെത്തന്നെ അപമാനിക്കലാണ്. 

കോട്ടയം രൂപതാധ്യക്ഷൻ ഒരാളുടെ മാത്രം തെറ്റായ ചിന്താഗതികളും സത്യത്തിനു നിരക്കാത്ത പ്രവർത്തികൾ മൂലം എത്രയോ നാളുകളായി ലോകമെമ്പാടുമുള്ള ക്നാനായക്കാരുടെ സമാധാനവും ഒരുമയും നഷ്ട്ടപ്പെടുത്തി. സമൂഹത്തിനും സമുദായത്തിനും അടുത്ത തലമുറയ്ക്കും നന്മകൾ ചെയ്യാമായിരുന്ന വിലയേറിയ അവസരങ്ങൾ ഒറ്റയാളുടെ പിടിവാശിമൂലം നഷ്ടപ്പെടുത്തി കളഞ്ഞു! കഴിവും പ്രാഗല്ഭ്യവും ഉണ്ടായിരുന്ന എത്രയോ സമുദായനേതാക്കളെകൊണ്ട് അസത്യത്തിനു കൂട്ടുനില്കാന് നിര്ബന്ധിതരാക്കി അവരുടെയും അവരുടെ കുടുംബത്തിന്റെയും സൽപ്പേര് നഷ്ട്ടപ്പെടുത്തിക്കളഞ്ഞു. 

സിറോമലബാറിലെ ഏതാനും പുരോഹിത ശ്രേഷ്ടരുടെ സ്വാർത്ഥ താല്പര്യങ്ങൾ  സംരക്ഷിക്കുവാൻവേണ്ടി സിനഡ്നെ തന്നെ ബലിയാടാക്കി കത്തീദ്രൽപള്ളിയിലെ കുർബാന മുടക്കി പള്ളി അടപ്പിച്ചു വൈദികരെ  തെരുവിൽ തമ്മിൽ തല്ലിക്കുന്ന പുരോഹിത ശ്രേഷ്ടർ നയിക്കുന്ന സഭയിലെ വിശ്വാസം ജനങ്ങൾക്ക് നഷ്ട്ടപ്പെട്ടു സഭയിൽനിന്നു അകന്നുപോകുന്നതിനെ  കുറ്റപ്പെടുത്താനാവുമോ? വിശ്വാസികൾ കാണുവാൻ കഴിയാത്ത യേശുക്രിസ്തുവിനെ പിന്തുടരണമോ അതോ സമൂഹത്തിൽ അശാന്തി  വിതയ്ക്കുന്ന, സ്വാർത്ഥരായ. അനുസരിച്ചില്ലെങ്കിൽ ഇഹലോകത്തിൽ തങ്ങളുടെ ജീവിതം ദുസ്സഹമാക്കാൻ പ്രാപ്തിയുള്ള പുരോഹിത ശ്രേഷ്ടരെ പിന്തുടരണമോ?

 എന്തൊക്കെയായാലും വിശ്വാസികൾ ഇനിയെങ്കിലും പുരോഹിത ഭീതിയിൽനിന്നു മോചനം പ്രാപിച്ചു യേശുവിന്റെ പ്രബോധനങ്ങക്ക് വേണ്ടി നിലകൊള്ളുന്നില്ലെങ്കിൽ സ്വർഗ്ഗമോഹം സ്വാഹാ. കടിച്ചതുമില്ല പിടിച്ചതുമില്ല, ഈ ലോകത്തിലും ജീവിച്ചതില്ല മറുലോകത്തിലും ജീവിതമില്ലാത്ത അവസ്ഥ എത്രയോ കഷ്ട്ടം!

 യേശുവിനോടു അല്പമെങ്കിലും കരുണ വിശ്വാസികളിൽ അവശേഷിച്ചിട്ടുണ്ടെങ്കിൽ യേശു തുടങ്ങിവച്ച അനീതികൾക്കെതിരെയുള്ള പോരാട്ടം, അത് തെറ്റുകളിൽ ആറാടുന്ന പുരോഹിതശ്രേഷ്ട്ടരോടാണെങ്കിൽ പോലും, തുടർന്ന് കൊണ്ട്  യേശു വിഭാവനം ചെയ്ത, 'മനുഷ്യൻ സാബത്തിനുവേണ്ടിയല്ല, സാബത്തു മനുഷ്യനുവേണ്ടിയാണ്,' എന്നതുപോലെ 'സഭയുടെ നിയമങ്ങൾ സഭയ്ക്ക് വേണ്ടിയല്ല, സഭ വിശ്വാസികൾക്ക് വേണ്ടിയാണ്' എന്ന സത്യത്തിനു വേണ്ടി ശബ്‍ദമുയർത്താൻ കഴിയണം..

ദൈവത്തിന്റെ ഇഷ്ട്ടം സ്വർഗ്ഗത്തിലെപോലെ ഭൂമിയിൽ ആകണമെങ്കിൽ നമ്മുടെ സഹായം ദൈവത്തിനു ആവശ്യമുണ്ടെന്നത് വിശ്വാസികൾ മനസ്സിലാക്കണം. ഇടതടവില്ലാതുള്ള മുറജപമല്ല ദൈവത്തിനു ആവശ്യം, നമ്മുടെ പ്രവർത്തികളിലൂടെയാണ് മറ്റുള്ളവരുടെ പ്രാർത്ഥനകൾക്ക് ദൈവം മറുപടി നൽകുന്നതെന്ന സത്യം പുരോഹിത ശ്രേഷ്ടർ നമ്മളിൽ നിന്ന് മറച്ചു വയ്ക്കുന്നു. സഭയുടെ ഭണ്ടാരങ്ങൾ ഭക്തൻറെ പണം കൊണ്ട് നിറയ്ക്കുകയല്ല, മറിച്ചു ആ പണമാണ് മറ്റുള്ളവരുടെ പ്രാർത്ഥനകൾക്ക് മറുപടിയായി നമ്മിലൂടെ ദൈവത്തിനു നിറവേറ്റേണ്ടത്. കഷ്ട്ടപ്പെട്ടു ദൈവത്തോട് യാചിക്കുന്നവനെ കണ്ടിട്ടും കാണാത്തമട്ടിൽ തിരിഞ്ഞു നടന്നിട്ടു,  പള്ളികൾക്കും പുരോഹിതശ്രേഷ്ട്ടർക്കും ധാരാളിക്കുവാൻ വേണ്ടി, ഏലക്ക മാല ലേലം വിളിച്ചും, ആർഭാട തിരുനാളുകൾ നടത്തിയും, പെരുന്നാളുകൾക്കു പ്രസുദേന്തി സ്ഥാനം ഏറ്റെടുത്തും, പ്രശസ്‌തികൾക്കുവേണ്ടി ആവശ്യമില്ലാത്ത വലിയ പള്ളികൾ ഉണ്ടാക്കി സഭയ്ക്ക് മുതൽകൂട്ടുവാൻ വേണ്ടി വാരിക്കോരി കൊടുക്കുമ്പോൾ അർഹിക്കുന്നവരുടെ പ്രാർത്ഥനകൾ പ്രാവർത്തികമാക്കുവാനുള്ള ദൈവത്തിന്റെ സ്രോതസ്സാണ് നമ്മൾ വിശ്വാസികൾ ഇല്ലാതാക്കുന്നത്. അർഹിക്കുന്നവരെ നമ്മുടെ കണ്മുൻപിൽ ദൈവം കൊണ്ടുവന്നു നിർത്തുമ്പോൾ പുരോഹിതർക്ക് വാരിക്കൊടുക്കുന്ന വിശ്വാസികൾ  അർഹിക്കുന്നവരെ കണ്ടില്ല എന്ന ഭാവത്തിൽ തിരിഞ്ഞു നടക്കുമ്പോൾ 'ദൈവത്തിന്റെ ഇഷ്ട്ടം സ്വർഗ്ഗത്തിലെ പോലെ ഭൂമിയിൽ ആകുന്നതിനു' നാം വിഘ്നങ്ങൾ സൃഷ്ടിക്കുകയാണ്. പുരോഹിതശ്രേഷ്ടർ വിശ്വാസികളെ തെറ്റായ മാർഗത്തിലൂടെ നയിച്ചാലും നാം അത് തിരിച്ചറിഞ്ഞു ദൈവത്തിന്റെ ഇഷ്ടം മനസ്സിലാക്കി പ്രവർത്തിക്കുവാൻ ബാധ്യസ്ഥരാണ്.

വിശ്വാസികൾ ദേവാലയങ്ങളിലും പുണ്യസ്ഥലങ്ങളിലും സഞ്ചരിച്ചു, ധാരാളം പണം ചിലവഴക്കുന്നു. എന്നാൽ സകല ദൈവങ്ങളോടും യാചിച്ചു മടുത്ത നിർദ്ധനനോ, തുച്ഛമായ ശമ്പളത്തിൽ കഠിനാധ്വാനം ചെയ്യുന്നവനോ പത്തിന്റെയോ, നൂറിന്റെയോ ഒരു നോട്ട് വല്ലപ്പോഴും കൊടുത്താൽ അവന്റെ മുഖത്ത് വിടരുന്ന നന്ദിയുടെയും അത്ഭുതത്തിന്റെയും സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും ഭാവങ്ങൾ ആയിരങ്ങളും ലക്ഷങ്ങളും നേർച്ചകാഴ്ചകളായി കൊടുത്ത ദൈവങ്ങളുടെയും പുണ്യവാന്മാരുടെയും വികാരമില്ലാത്ത മൂർത്തികളിൽ ദർശിക്കാനാവില്ല. ഒരുപക്ഷെ പുരോഹിത ശ്രെഷ്ട്ടന്റെ മുഖത്ത് സന്തോഷം ദർശിച്ചേക്കാം. അല്ലെങ്കിൽ പത്രത്തിൽ വരുന്ന ഫോട്ടോയും, സംതൃപ്തിയും പുരോഹിത ശ്രെഷ്ട്ടന്റെ വക അംഗീകാരവും പബ്ലിസിറ്റിയും ലഭിക്കുമായിരിക്കും. പക്ഷെ ദൈവത്തിന്റെ അടുക്കൽ അത് മൈനസ് മാർക്കായിട്ടെ രേഖപ്പെടുകയുള്ളൂ. 

- Stephen Thottananiyil

Post a Comment

Previous Post Next Post