കോട്ടയം മെത്രാനായിരുന്ന മാർ കുര്യാക്കോസ് കുന്നശ്ശേരി ഒരു സഹായ മെത്രാനെ ആവശ്യപ്പെട്ടുകൊണ്ട് റോമിലേക്കും സീറോ മലബാർ സിനഡിലേക്കും കത്തുകൾ അയച്ചുകൊണ്ടിരുന്ന കാലം. ക്നാനായ സമുദായത്തേയും അതിരൂപതയേയും അറിയാവുന്ന മെത്രാന്മാർ സിനഡിൽ വളരെക്കുറവ്. പുതിയ മെത്രാന്മാർക്ക് ക്നാനായ സമുദായത്തെ അറിയില്ല; അറിയാവുന്നപലർക്കുംനമ്മോട് താല്പര്യവുമില്ല. 50തോളം ക്നാനായ പള്ളികൾ ഉള്ള കണ്ണൂർ കേന്ദ്രീകരിച്ച് ഒരു രൂപത വേണമെന്നുള്ള പതിറ്റാണ്ടുകളായ നമ്മുടെ അപേക്ഷയിൻമേൽ വോട്ടിട്ടു തള്ളി കൊണ്ടിരിക്കുന്ന കാലം കിട്ടുന്നത് ഏഴ് വോട്ട്. ഒരു ന്യൂനപക്ഷ സമുദായത്തിന്റെ നൃായമായ ആവശ്യത്തിൻമേൽ ഭൂരിപക്ഷസമുദായം വോട്ടിടുന്ന പ്രാകൃതം ഇന്നും സഭയിൽഅരങ്ങേറുന്നുണ്ട്.
ഒരു സഹായ മെത്രാൻ ഉണ്ടായാൽ അയാൾ ക്നാനായക്കാരനായിരിക്കില്ല എന്ന ഒരു ശ്രുതി തോണ്ണൂറുകളിൽ പരന്നിരുന്നു. അങ്ങനെ ഒരു മെത്രാൻ ഇവിടെ വന്നാൽ അരമന മുറ്റത്ത് വെച്ച് അയാളുടെ കാല് വെട്ടുമെന്ന് ക്നാനായ കത്തോലിക്കാ കോൺഗ്രസ് (കെസിസി) പ്രസിഡൻ്റൊയിരുന്ന അഡ്വ: ജെയിംസ് മാക്കീൽ, അരമനയിൽ വച്ച് നടന്ന ഒരു യോഗത്തിൽ പ്രഖ്യാപിക്കുകയും ചെയ്തു.
കുന്നശ്ശേരി മെത്രാനോടുള്ള അഭിപ്രായവ്യത്യാസത്തിന്റെപേരിൽ രൂപത ഉപേക്ഷിച്ച് ഇറ്റലിയിലെ OSB സന്യാസ സഭയിൽചേർന്ന ഉഴവൂരുകാരൻ മൂലക്കാട്ട് മത്തായി അച്ചനെ സഹായ മെത്രാൻ ആക്കാം എന്ന ഓഫറുമായി അന്നത്തെ മേജർ ആർച്ച്ബിഷപ്പ് മാർ വർക്കി വിതയത്തിൽ വന്നു. സമുദായത്തിൽ നിന്നുള്ള ഒരാളാണെല്ലോ എന്ന ആശ്വാസത്തിൽ മാർ കുന്നശ്ശേരിസമ്മതംമൂളുകയും, കൊച്ചിയിൽ നിന്നും ഹെലികോപ്റ്ററിൽ കോട്ടയത്തേക്ക് വന്ന നിയുക്ത മെത്രാനെ സ്വീകരിക്കുകയും ചെയ്തു.
അദ്ദേഹം വന്നിറങ്ങിയതിന്റെ പിറ്റേആഴ്ച സിറോമലബാർസഭാ കേന്ദ്രത്തിൽ സ്വാധീനമുള്ള ഒരു സുഹൃത്ത് എന്നെ വിളിച്ചു പറയുന്നു അവിടെ വന്നിരിക്കുന്ന മെത്രാൻ നിങ്ങളുടെ സമുദായത്തെ പൊളിച്ചടുക്കുമെന്ന്.
വളരെ ഭയപ്പെട്ട ഞാൻ അന്നുമുതൽ മാർ മൂലക്കാട്ടിനെ ശ്രദ്ധിക്കാൻ തുടങ്ങി.
2006 ന്റെ ആദ്യ ദിനങ്ങളിൽ ഒരിക്കൽ തുവാനീസായിൽ നടന്ന വൈദികരുടെ ധ്യാനദിനത്തിന്റെ അവസാനദിവസം ഒരാവശൃത്തിനായിഞാൻ അവിടെ എത്തുന്നു. ധ്യാനക്കാരായ വൈദികർ ചാപ്പലിൽ പ്രാർത്ഥനയിലാണ്. ഓഫീസിൽ തനിച്ചിരുന്ന മൂലക്കാട്ട് മെത്രാനെ കണ്ട് സംസാരിച്ചു. സമുദായ വിഷയവും ചർച്ചയിൽകടന്നുവന്നു. ഇടക്കദ്ദേഹം പറഞ്ഞു വിവാഹം കഴിക്കാൻ സമുദായം ഉപേക്ഷിച്ചു പോയവരുടെ ഒരു കത്ത് കിട്ടിയിട്ടുണ്ട് അടുത്ത പാസ്റ്ററൽ കൗൺസിൽ ചർച്ച ചെയ്യും എന്ന്. അവരുടെ കത്ത് ചർച്ചയ്ക്ക് എടുക്കരുതെന്ന് ഞാൻ പറഞ്ഞു.
ധ്യാനക്കാരായ അച്ചന്മാർ ഉച്ചഭക്ഷണത്തിനായി വരികയും ഞങ്ങൾ പിരിയുകയും ചെയ്തു. വലിയ ഭാരത്തോടെയാണ് ഞാൻ അവിടെ നിന്നും പോന്നത്.
*Challenges: Exogomous Marriage. *
2006നവംബർ 22 ന് ചൈതന്യയിൽ നടന്ന പ്രിസ്ബിറ്ററൽ കൗൺസിലിൽ രണ്ട് പ്രബന്ധങ്ങൾ അവതരിപ്പിക്കപ്പെട്ടു. റവ. ഡോ: ജേക്കബ് വെള്ളിയാൻ അവതരിപ്പിച്ച ആദ്യ പ്രബന്ധത്തിന്റെ തലക്കെട്ട്
Challenges: Exogomous Marriage. എന്നായിരുന്നു.
അദ്ദേഹം എഴുതുന്നു........ 1889ൽ കോട്ടയം വികാരിയാത്തിൽ ആലുവാപ്പുഴയ്ക്ക് തെക്ക് ഒരു ലക്ഷത്തി ഇരുപതിനായിരം സുറിയാനിക്കാരിൽ 20000 മാത്രം തെക്കുംഭാഗർ ആയിരുന്നു എന്നും, 1911 ൽ കോട്ടയം വികാരിയാത്ത് ആയപ്പോൾ 25000 ക്നാനായ കത്തോലിക്കരും ഉണ്ടായിരുന്നു..............
സീറോ മലബാർ ഹയരാർക്കി വന്നതിനുശേഷം ഒരു അലിഖിതനിയമമെന്ന നിലയിൽ വടക്കും ഭാഗരിൽനിന്നും വിവാഹം ചെയ്ത തെക്കുംഭാഗരെ മറ്റ് രൂപതയിലേക്ക് സ്വീകരിക്കും എന്നൊരു ധാരണയും പതിവുണ്ടായിരുന്നു എന്നും, പൗരസ്ത്യ തിരുസംഘത്തിന്റെ ഒരു രേഖയിൽ ഇനിയും അങ്ങനെ തന്നെ, അടുത്തുള്ളസീറോമലബാർ രൂപതയുടെ അംഗങ്ങളായി ഇക്കൂട്ടർ തീരുമെന്നും പറഞ്ഞിട്ടുണ്ട്. 1991 ജനുവരി 4ന് ബിജു ഉതുപ്പിന്റെ കേസിൽ വിവാഹം ചങ്ങനാശ്ശേരി അതിരൂപതയിൽ വച്ച് നടത്താൻ പ്രൊനൂൺഷൃോ നിർദ്ദേശിക്കുകയുണ്ടായി എന്ന വിവരങ്ങൾക്ക് ശേഷം ഡോ: വെള്ളിയാൻ മറ്റൊരു കണക്ക് അവതരിപ്പിക്കുകയാണ്.
2000 ആണ്ട് മുതൽ 2006 വരെ സമുദായം വിട്ട് വിവാഹം കഴിക്കാൻ അനുവാദം ചോദിച്ചവരുടെ ലിസ്റ്റാണത്. ഓരോ വർഷവും ശരാശരി 200ൽ താഴെ ആളുകൾ വരുമെന്നും ഭീകരമായ ഒരു സ്ഥിതിവിശേഷം അല്ല അതെന്നും പറയുന്നുണ്ട്. നാലഞ്ചു കൊല്ലമായി ഏതാണ്ട് steady ആയിട്ട് തന്നെ നിൽക്കുന്നു എന്നും ആകെ നടത്തിയ 2150 വിവാഹത്തിൽ നിന്നാണ് 150-159 വിവാഹങ്ങൾ സമുദായം വിട്ട് നടന്നതെന്നും അദ്ദേഹം പറയുന്നുണ്ട്. എൻഡോഗ്മിയിലേക്ക് ഒരു radical look ൽ സമർപ്പിക്കേണ്ട സമയം ആയിട്ടില്ല എന്നും പറഞ്ഞിട്ടുണ്ട്. സമുദായം ഉപേക്ഷിച്ചു പോകുന്നവരുടെ എണ്ണം എഴുത്തുകാട്ടി അവരെ തിരികെ കൊണ്ടുവരാനുള്ള ആവശ്യകത അറിയിക്കാനായിരുന്നു റവ ഡോ: വെള്ളിയാൻ പ്രബന്ധം തയ്യാറാക്കിയതെങ്കിലും അത്തരം പിരിഞ്ഞു പോക്ക് വലിയ പ്രശ്നമല്ലന്ന് പറഞ്ഞു വെയ്ക്കേണ്ടി വന്നു. വെള്ളിയാനച്ചന്റെ പ്രബന്ധത്തിൽ നമുക്ക് സ്വീകാരൃമല്ലാത്ത മറ്റുചില കാര്യങ്ങളും എടുത്തുപറയുന്നുണ്ട് അതിവിടെ പ്രസക്തമല്ലാത്തതിനാൽ വിട്ടുകളയുന്നു.
മുള്ളുരച്ചൻ ഒരു "ഔഷധ ശിക്ഷ" യെക്കുറിച്ച് അദ്ദേഹം അവതരിപ്പിച്ച പ്രബന്ധത്തിൽ പറയുന്നുണ്ട്. അതിനെക്കുറിച്ച് അടുത്ത അദ്ധൃായത്തിൽ.