1911ലെ കോട്ടയം വികാരിയത്തിന്റെ സ്ഥാപന ബൂളാ പ്രകാരം ക്നാനായ കത്തോലിക്കർ ലോകത്തെവിടെ താമസിച്ചാലും അവർ കോട്ടയം അതിരൂപതാ അംഗങ്ങൾ ആയിരിക്കുമെന്ന്, OS-265/2023 എന്ന കേസിലെ IA-1/2023ന്റെ വാദം കേട്ട ശേഷം 2024 ജൂൺ പത്തിന് ബഹു: കോട്ടയം അഡീഷണൽ മുൻസിഫ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
പ്രവാസികളായ ക്നാനായ കത്തോലിക്കാ സംഘടനകൾ സംയുക്തമായി 2023ല്‍ കൊടുത്ത കേസിലാണ് വിധിയുണ്ടായത്. കോട്ടയം അതിരൂപതാ ആർച്ച് ബിഷപ്പ് മാർ മാതൃു മൂലക്കാട്ട് പുറത്തിറക്കിയ 302-ആം നമ്പർ സർക്കുലറിൽ, പ്രവാസികളായ ക്നാനായക്കാരെ അതിരൂപതാ അംഗത്വത്തിൽ നിന്നും ഒഴിവാക്കുകയും വിദേശത്തുള്ള സീറോ മലബാർ പള്ളികളിൽ ചേരുവാൻ നിർബന്ധിക്കുകയും ചെയ്തിരുന്നു. ഈ സർക്കുലറിനെതിരെ മാന്യമായി പ്രതിഷേധിച്ചിട്ടും ഫലമില്ലാതെ വന്നപ്പോഴാണ് കേസിലേക്ക് സമുദായക്കാരെ നയിച്ചത്.
വിദേശങ്ങളിൽ താമസിക്കുന്ന ക്നാനായ കത്തോലിക്കരെ അവിടെയുള്ള സീറോ മലബാർ ഇടവകകളിൽ നിർബന്ധപൂർവ്വം ചേർക്കുന്ന സമുദായ മെത്രാന്റെ നടപടിയേയും കോടതി ശക്തമായി വിലക്കിയിരുന്നു.
ഈ കോടതി വിധിക്കെതിരെ കോട്ടയം ആർച്ച് ബിഷപ്പ് ഇപ്പോൾ അപ്പീൽ പോയിരിക്കുകയാണ്. പ്രവാസികളായ ക്നാനായക്കാർ അതിരൂപതാ അംഗങ്ങളായ ക്നാനായക്കാർ അല്ലന്നും അവരുടെ ശുശ്രൂഷ എനിക്ക് ഏറ്റെടുക്കാൻ ആവില്ലന്നും അവരുടെ മേൽ തനിക്ക് അധികാരം വേണ്ടന്നുമാണ് അദ്ദേഹം പ്രഖ്യാപിച്ചിരിക്കുന്നത്. സമുദായത്തിന്റെ ശത്രുക്കളെ എല്ലാം നിശബ്ദരാക്കിക്കൊണ്ട് ക്നാനായ സമുദായക്കാരെ ഒരു കുടക്കീഴിൽ കൊണ്ടുപോകുന്നതിന് വേണ്ടിലഭിച്ചരിക്കുന്ന സുപ്രധാനമായ കോടതിവിധിക്കെതിരെ മൂലക്കാട്ട് മെത്രാൻ അപ്പീൽ പോയിരിക്കുന്നതിൽ നിന്നും നാം മനസ്സിലാക്കേണ്ടത്, അദ്ദേഹം സമുദായത്തിന് എതിരുനില്ക്കുന്നു എന്ന് തന്നെയാണ്.
2023 ജൂലൈ 23ന് ഇടവക പള്ളികളിൽ വായിച്ച സർക്കുലർ പള്ളിമുറ്റത്ത് വച്ച് അന്ന് തന്നെ ചില ഇടവകക്കാർ കത്തിക്കുകയും മെത്രാൻ രാജിവെക്കണമെന്ന് മുദ്രാവാക്യം മുഴക്കുകയും ചെയ്തിരുന്നു. അധികാരസ്ഥാനങ്ങളിൽ നിന്നൊന്നും ആവശ്യപ്പെടാതെ മാർ മൂലക്കാട്ട് സ്വന്തം ജനത്തെ ഭിന്നിപ്പിക്കുകയായിരുന്നു. ഒരു വംശീയ സമൂഹമായി പതിനേഴ് നൂറ്റാണ്ടിലധികമായി നിലനിൽക്കുന്ന തെക്കുംഭാഗ സമുദായത്തിന് പേഴ്സണൽ ജൂറിസ് ഡിക്ഷനോട് കൂടി സ്ഥാപിക്കപ്പെട്ട കോട്ടയം മെത്രാന്റെ ശുശ്രൂഷയിൽ നിലനിൽക്കുവാനുള്ള അവകാശം പ്രവാസി ക്നാനായകാര്‍ക്കുണ്ട്. സമുദായ ചരിത്രവും ബൂളായും വ്യക്തമായി പഠിച്ചതിനുശേഷമാണ് മുൻസിഫ് കോടതി വിധിപ്രസ്താവിച്ചത്.
പ്രവാസി എന്നാൽ ദൂരെ താമസിക്കുന്നവർ എന്നേ അത്ഥമുള്ളൂ. ദൂരത്ത് താമസിക്കുന്നതിന്റെ പേരിൽ ഏതെങ്കിലും ഒരു പിതാവ് നീ എന്റെ മകനല്ല എന്നു പറയുമോ?!
മുൻപൊരിക്കൽ മാർ മാതൃുമൂലക്കാട്ട് സമുദായത്തിലേക്ക് കടത്തിക്കൊണ്ടുവന്ന, സീറോ മലബാർ കൊടുത്തുവിട്ട "ലെസ്സർഈവിൾ" (Lesser evil) പോലും ഇങ്ങനെ ചെയ്യില്ല.
- ഡോമിനിക്ക് സാവിയോ, വാച്ചാച്ചിറയിൽ
Tags
Latest-News