വ്യഭിചരിക്കുന്നവരും മോഷ്ടിക്കുന്നവരും കൊലപാതകികളും ബാല പീഡകരും മദ്യ പാനികളും ആയ വൈദീകർക്കെതിരെ സ്വയം കേസ്സെടുത്ത് അന്വേഷണം നടത്തി ശിക്ഷണ നടപടികൾ ഉറപ്പ് വരുത്തുക എന്ന ധാർമിക ഉത്തരവാദിത്തം നിറവേറ്റുന്നതിന് പകരം, അവർക്ക് രക്ഷാ-കവചങ്ങൾ തീർക്കുന്ന കോട്ടയം രൂപതാ മെത്രാന്മാരെ, അവർക്ക് ഓശാന പാടുന്ന വിശ്വാസികളെ; നിങ്ങൾ ഓർത്തുകൊള്ളുക : സത്യത്തിനു സാക്ഷ്യം വഹിക്കുവാൻ മഹാ പുരോഹിതർക്കെതിരെ ചാട്ടവാറുയർത്തിയ, അവരുടെ താളത്തിന് തുള്ളിയ നിയമപാലകരിൽ നിന്നും നീതിപീഡങ്ങളിൽ നിന്നും എന്ത് പീഡകൾ സഹിക്കേണ്ടി വന്നാലും പിറകോട്ടില്ല എന്ന ദൃഡ പ്രതിജ്ഞയോടെ കുരിശിലേറുവാൻ പോലും മടിക്കാതിരുന്ന ക്രിസ്തുവിനു സാക്ഷ്യം വഹിച്ചുകൊണ്ട് , വെള്ളയടിച്ച കുഴിമാടങ്ങളെ നിങ്ങൾക്കെതിരെ പടവാളുയരുന്ന ദിനം വിദൂരമല്ല
വിശ്വാസികളുടെ നേർച്ചപ്പണം ദുർവിനിയോഗം ചെയ്തും, അവരുടെ ദൈവ ഭയത്തെ ചൂഷണം ചെയ്തും സ്വരുക്കൂട്ടുന്ന പണം കൊണ്ട് നിങ്ങൾ പുരോഹിതർ കാട്ടിക്കൂട്ടുന്ന അഴിമതികളും, അനാശാസ്യങ്ങളും വെച്ച് പൊറുപ്പിക്കുവാൻ, നേരും നെറിവും സഭകളിൽ പുലരണം എന്ന് വിശ്വസിക്കുന്ന യഥാർഥ ക്രിസ്ത്യാനികൾ ഇനിയും അനുവദിച്ചു തരും എന്ന് നിങ്ങൾ കരുതേണ്ട.
നിയമത്തിന്റെ പഴുതുകളിലൂടെ, സ്വാധീനങ്ങളുടെ മാസ്മരികതകളിലൂടെ മറ്റുള്ളവർക്ക് മാതൃകയാകേണ്ടവരെങ്കിലും, നരാധമന്മാരായി വർത്തിക്കുന്ന തരം വൈദികരെയും സന്യസ്തരെയും സംരക്ഷിക്കുന്ന പ്രവണതകൾക്ക് അറുതി വരുത്താത്ത പക്ഷം അറിഞ്ഞിരിക്കുക, ധനവും സ്ഥാന മാനങ്ങളും, മോഹിച്ചുകൊണ്ട്, നിങ്ങളുടെ അനാശാസ്യങ്ങൾക്ക് അനുവാദങ്ങൾ നൽകുന്നവർ, അവർ നിയമ പാലകരായിക്കൊള്ളട്ടെ, നീതി പീഡങ്ങൾ ആയിക്കൊള്ളട്ടെ, പീഢിതർക്ക് വേണ്ടി, ചൂഷണം ചെയ്യപ്പെടുന്നവർക്ക് വേണ്ടി നിങ്ങൾക്കെതിരെ സ്വരവും കരവും ഉയർത്താൻ മടിക്കാത്ത നല്ല ഒരു നാളെയെ നിങ്ങൾക്ക് പ്രതീക്ഷിക്കാം.
Tags
Latest-News